Sunday, October 22, 2006

ഒരു പഴയ ഡയറിക്കുറിപ്പിലൂടെ...

ഇന്നലെ പഴയ ഒരു ഡയറി മറിച്ചു നോക്കി.. ഇപ്പോ കുറച്ചു കാലമായി എഴുതാറില്ല എങ്കിലും, ഡയറി എഴുത്ത് എന്റെ ജീവിതത്തിന്റെ ഒരു ഭാഗം ആണ്.. എന്റെ പഴയ ഒരു ഡയറിക്കുറിപ്പ്‍ ഇവിടെ കുറിക്കുന്നു......

2006, ഒരു തിരിഞ്ഞു നോട്ടം

Date: 29-03-2006 സമയം: 11.30PM
ബുധന്‍ കരണ്ടില്ല!

ഈ ആളിക്കത്തുന്ന മെഴുകുതിരി അതിന്റെ അന്ത്യത്തിനായി വെമ്പല്‍ കൊള്ളുന്നു. അതേ പോലെ ഞാണിന്‍‌മേല്‍ക്കളി പോലുള്ള ജീവിതം കരുപ്പിടിപ്പിക്കാന്‍ വ്യര്‍ത്ഥമായ മനുഷ്യജന്മങ്ങളും..
ഡയറിക്കുറിപ്പുകള്‍ എന്നും പുറകോട്ടുള്ള കോണിപ്പടി ആണ്, ഭൂതകാലത്തിന്റെ നടുമുറ്റത്തേക്ക് വാതില്‍ തുറന്നു തരുന്ന ഒരേ ഒരു മാര്‍ഗ്ഗം. അതുകൊണ്ടു തന്നെ അപൂര്‍ണ്ണങ്ങളായ ഡയറിക്കുറിപ്പുകള്‍ അര്‍ത്ഥവ്യര്‍ത്ഥങ്ങളായ ഭൂതകാലത്തെ ഓര്‍മ്മിപ്പിക്കുന്നു.

മുന്‍‌താളുകള്‍ മറിച്ചപ്പോള്‍ കണ്ട ഒരു വാചകം ഇവിടെ കുറിക്കട്ടെ, “ 22 വര്‍ഷത്തെ ജീവിതം എന്തു നേടി?” അതിനു മറുപടിയും, അന്നു തന്നെ കണ്ടെത്തിയെന്നതു ഒരാശ്വാസമാണ്..

“You may be somebody to the World!
But for Someone, You are the World! “
So as you are..........

ഇനി മൂന്നു ദിനരാത്രങ്ങള്‍ കൂടി കഴിഞ്ഞാല്‍ നാടു വിടാം. പുതിയ കൂടും കുടുക്കയും തേടി, ജീവിതത്തിന്റെ പുതിയ ഏടുകള്‍, സായംസന്ധ്യകള്‍, മാറുന്ന ചുറ്റുപാടുകള്‍, അങ്ങനെ അങ്ങനെ......

"I have started my career on a 20th and today is another 20th"

പെട്ടന്നു ഒരു ദിവസം ഞാന്‍ ഞാനല്ലാതായി.. പതുക്കെ പതുക്കെ അവിടെ ആരൊക്കെയോ ആയിരുന്ന എന്റെ വ്യക്തിത്വം ആരുമല്ലാതാകുന്നതു കണ്മുന്നില്‍ വ്യക്തമായി. 1.5 വര്‍ഷം ജീവിച്ച മൈസൂര്‍ എന്നും നല്ല ഒരു ഓര്‍മ്മ ആയി നില നില്‍ക്കട്ടെ!

ഞാന്‍ പോവുകയാണ്, കടല്‍ കടന്ന്, ജീവിതത്തിന്റെ പുതിയ ഓളങ്ങള്‍ ‍തേടി ഭാവി സുരക്ഷിതമാക്കാന്‍.. Bahrain, thats my destination...

ഉറക്കം കണ്ണൂകളെ വല്ലാതെ ബാധിച്ചിരിക്കുന്നു.. അപ്പൊ ശുഭരാത്രി!

Friday, October 20, 2006

For the Shame of Being Alive!!


കുറച്ചു കാലമായി കാണണം എന്നു വിചാരിച്ച് നടന്ന ഒരു സിനിമ ആയിരുന്നു കഥാവശേഷന്‍..ഇന്നലെ അതു കണ്ടു.. അതിലെ അവസാന രംഗത്തിലെ വാചകം ആണു തലക്കെട്ട്.
കുറച്ച് കൂടുതല്‍ ചിന്തിക്കുന്നതു കൊണ്ടാകാം, മനസ്സ് കലുഷിതമായിരുന്നു.. എന്തിനു വേണ്ടി? ആര്‍ക്കു വേണ്ടി ആണു ഈ ജീവിതം എന്നു നിങ്ങള്‍ എപ്പൊഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ചിലപ്പോള്‍ നിങ്ങള്‍ക്കു ഒരു ഉത്തരം പെട്ടന്നു തരാന്‍ വിഷമം ഉണ്ടാകാം..

വെറുതെ ഓരോ മണ്ടത്തരങ്ങള്‍! അല്ലേ?? ഈ മരുഭൂമിയില്‍ ഇങ്ങനെ ജന്മനാട് എന്ന സ്വപ്നവുമായി ജീവിതം തള്ളി നീക്കുന്ന ദിനരാത്രങ്ങളില്‍ ഇങ്ങനെ ഒന്നും തോന്നിയില്ലെങ്കില്‍ ആണു അത്ഭുതം..

നാളെ ദീപാവലി.. മലയാളികള്‍ക്കു വലിയ ആഘോഷം അല്ല എങ്കിലും മറ്റുള്ള ഇടങ്ങളില്‍ അതു സന്തോഷത്തിന്റേയും, ആഘോഷങ്ങളുടേയും നാളുകള്‍.. ഇത്തരത്തിലുളള ആഘോഷ വേളകളില്‍ മറ്റുള്ളവര്‍ക്ക് ആശംസ നേരുന്ന പതിവു പണ്ടേ നിര്‍ത്തിയതാണു, എന്താണെന്നല്ലേ..അതൊക്കെ വെറും വിരസമായ സംഭാഷണശകലങ്ങള്‍ മാത്രമാണെന്നു മനസ്സിലായതു കൊണ്ടാണ്.

പരസ്പരം ആശംസകള്‍ നേര്‍ന്നാല്‍ എന്താ ഒരു ഗുണം?? ആ ഗ്രീറ്റിംഗ് കാര്‍ഡ് അയക്കുന്ന നേരത്തു പോലും, മനസ്സില്‍ ഒരു ആശംസ പോലും നേരുന്നുണ്ടാകില്ല, പലരും.. അല്ലേ? അപ്പൊ പിന്നെ വെറുതെ ഒരു കടമ ആയി അതു മാറിപ്പോകും.. അതു എന്തായാലും ആവശ്യമില്ല!

വീണ്ടും, ആ വാക്കുകള്‍ മന്‍സ്സില്‍ തികട്ടി വരുകയാണു.. “ ജീവിച്ചിരിക്കാനുള്ള നാണക്കേടു കൊണ്ട് “..
അതെ, അതു കൊണ്ട് അയാള്‍ ആത്മഹത്യ ചെയ്തിരിക്കുന്നു...
പണ്ട്, ആദികവി വാല്മീകി പറഞ്ഞ വാക്കുകള്‍ ആണു ഓര്‍മ്മ വരുന്നതു,

“മാനിഷാദ, പ്രതിഷ്ഠാം ത്വ മഗമ: ശാശ്വതീ
യല്‍ ക്രൌഞ്ചമിഥുനേ മമതി കാമമോഹിതം“

ഈ വരികള്‍ മുഴുവന്‍ ശരിയാണോ എന്നു അറിയില്ല! ഓര്‍മ്മയില്‍ നിന്നെടുത്ത് കുറിച്ചതാണു, ചിലപ്പോ ചെറിയ തെറ്റുകള്‍ ഉണ്ടാകാം..ക്ഷമിക്കുക!

ആ മഹാമുനി പറഞ്ഞ പോലെ, മാനിഷാദ! അരുതു കാട്ടാളാ!!