Thursday, November 02, 2006

ഞാന്‍ തിരിച്ചു വരുന്നു..

ഇവിടെ ജീവിതം മടുത്തിരിക്കുന്നു..എന്താണു കാരണം എന്ന് ആലോചിച്ച് കിട്ടിയ ഉത്തരം താഴെ കുറിക്കുന്നു..

ബഹറിന്‍; ഒരു വശത്ത് ഒരിക്കലും അവസാനിക്കാതെ നീണ്ടു കിടക്കുന്ന റോഡുകള്‍, അതിലൂടെ ഒരിക്കലും നില നില്‍ക്കാതെ പ്രവഹിക്കുന്ന വാഹനവ്യൂഹങ്ങള്‍..മറുവശത്ത് മാനം മുട്ടെ വളര്‍ന്നു ഇനി എങ്ങോട്ട് എന്നറിയാതെ നില കൊള്ളുന്ന കൂറ്റന്‍ കെട്ടിടസമുച്ചയങ്ങള്‍..

ഇനിയും നിങ്ങള്‍ക്കു കൂടുതല്‍ ഉള്ളിലോട്ട് കടന്നു ചെല്ലാന്‍ താല്പര്യമുണ്ടെങ്കില്‍, അതാ അവിടെ മറ്റൊരിടത്ത്, അരണ്ട നിയോണ്‍ വെളിച്ചത്തില്‍ എന്നോ നഷ്ടപ്പെട്ടു പോയ ജീവിതയാര്‍ഥ്യങ്ങളെ ഉള്ളിലൊതുക്കി സ്വയം വില്ക്കപ്പെടാന്‍ തയ്യാറായി നില്‍ക്കുന്ന ചായം തേച്ച ജീവച്ഛവങ്ങള്‍..

ഇവിടെ ലോകത്തിന്റെ ഈ ഭാഗത്ത്, അധികം ഒന്നും നയനാനന്ദകരമായ കാഴ്ചകള്‍ നിങ്ങളെ കാത്തിരിക്കുന്നില്ല..സത്യമായും ഒരു മുരടിപ്പ് മനസ്സിനെ ബാധിച്ചിരിക്കുന്നു..

ഇന്നലെ കേരളപ്പിറവി..ഒരു SMS വന്നിരുന്നു...

“ മാമലകള്‍ക്കപ്പുറത്ത് മരതകപട്ടുടുത്ത്
മലയാളമെന്നൊരു നാടുണ്ട്,
കൊച്ചു മലയാളമെന്നൊരു നാടുണ്ട്..”

അതെ, ആ പച്ചപ്പരവതാ‍നി വിരിച്ച പാടങ്ങളും, മലകളും, പുഴകളും ഒക്കെ ഇന്നു ഒരു സ്വപ്നം മാത്രമായി അവശേഷിക്കുന്നു..ഓണവും വിഷുവും ഒക്കെ ഇന്നു വെറും ഓര്‍മകളില്‍ മാത്രം...ഞാന്‍ തിരിച്ചു വരുന്നു,, ഒരു നിമിഷത്തേക്ക് എങ്കിലും, മനസ്സു കൊണ്ട് ഞാന്‍ ആ എന്റെ നാട്ടില്‍ പോയി തിരിച്ച് വന്നിരിക്കുന്നു....

ഒരു നിമിഷം.....

അതാ ദൂരെ ഒരു ശബ്ദം കേള്‍ക്കുന്നില്ലേ?ശ്രദ്ധിച്ച് നോക്കണം, എന്നാലേ കേള്‍ക്കൂ.. നിയോണ്‍ വെളിച്ചത്തില്‍ അരങ്ങില്‍ ആടി തകര്‍ക്കുന്നവരുടെ നിശബ്ദമായ തേങ്ങലുകളാണത്...