Friday, January 05, 2007

പുതിയ വര്‍ഷവും പുതുവത്സരാശംസകളും..

പുതിയ ഒരു വര്‍ഷം കൊടിതോരണങ്ങളൊക്കെ വച്ച് എഴുന്നള്ളിയിട്ട് ഇന്നത്തേക്ക് അഞ്ച് ദിവസമായല്ലോ! ഇവന്‍ എന്താണ് ഇപ്പൊ ഇങ്ങനെ ഒരു തലക്കെട്ടുമായി ഇറങ്ങിയതു എന്നു തെറ്റിദ്ധാരണ വേണ്ട! അതു മന:പൂര്‍വ്വമായ ഒരു നീക്കമാണു..

ഒരു പാട് ആശംസകളും ആഗ്രഹങ്ങളും, പലരും പല വിധത്തില്‍ അറിയിച്ചിരുന്നു..ചിലതിനൊക്കെ ഫോര്‍മല്‍ ആയി മറുപടിയും അയച്ചു എന്നതൊഴിച്ചാല്‍ ആശംസ പറച്ചില്‍ ഈ വര്‍ഷം വളരെ കുറവായിരുന്നു.. ഈ നാട്ടില്‍ വന്നു ഒരു ദൈന്യതാഭാവം ആയിപ്പോയി എന്നൊന്നും വിചാരിക്കണ്ട!

ഇന്നു 1182 ധനു 21, ലക്ഷക്കണക്കിനു മലയാളികളില്‍ ഈ ഡേറ്റ് അറിയുന്നവര്‍ വളരെ കമ്മി. ഈ ദിവസത്തിനു പ്രത്യേകത ഒന്നും ഉണ്ടായതു കൊണ്ടല്ല ഞാന്‍ പറഞ്ഞത്..

മലയാളം മരിക്കുന്നു..
മലയാളികള്‍, “എനിക്ക് കുരച്ച് കുരച്ച് മല് യാളം അരിയും” എന്ന അധ:പതിച്ച സംസ്കാരത്തിനു അടിമകളായി എന്നു പ്രസംഗിക്കുന്ന ആരും ഇന്നു വരെ ചിങ്ങം 1 നോ, അത്തരത്തില്‍ ഉള്ള മലയാളവിശേഷദിവസങ്ങള്‍ക്കോ പ്രാധാന്യം കൊടുക്കുന്നതായോ, ഒരു ആശംസാ കാര്‍ഡ് അയക്കുന്നതായോ, ആഘോഷിക്കുന്നതായോ കണ്ടിട്ടില്ല!

ഇതിനു മറുപടിയായി ഈ ചിങ്ങം 1 നു എന്താണാവോ പ്രത്യേകത എന്നു ചോദിക്കുന്ന മലയാളികളേയും നിങ്ങള്‍ക്കു കൂട്ടത്തില്‍ തന്നെ കാണാം.

ഇത്തരത്തില്‍ ഉളള ഒരു ചിന്ത മനസ്സില്‍ കയറി കൂടിയതു കൊണ്ടാണു, New year Wishes ഒഴിവാക്കിയത്.. ആര്‍ക്കെങ്കിലും അതില്‍ വിഷമം ഉണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി ഈ വൈകിയ വേളയില്‍ എന്റെ ആശംസകള്‍! ( നാടോടുകയല്ലെ! നമ്മളും ഓടിക്കളയാം)

ഒരു രഹസ്യം പറയട്ടെ, ഈ ധനു 2 എന്നത് കിട്ടിയതു മലയാളമനോരമ ജ്യോതിഷത്തില്‍ നോക്കിയിട്ടാണ്.. ക്ഷമിക്കണം ട്ടോ!!