Friday, February 09, 2007

നഷ്ടപ്പെടുന്ന പിറന്നാളുകളും, സ്നേഹം നിറഞ്ഞ ഓര്‍മ്മകളും..

ഇന്നലെ എന്റെ പിറന്നാളായിരുന്നു..മറന്നു പോയ ഒരു ദിവസം..പക്ഷെ ആദ്യം തന്നെ കയ്യില്‍ കിട്ടിയ ആശംസാകാര്‍ഡ് കുഞ്ഞനുജത്തിയില്‍ നിന്നും ആയിരുന്നു..


--------------------------------------------------------------------------------

ഏട്ടാ......

പിറന്നു വീണ മണ്ണില്‍ നിന്നും അകന്ന് അകലെ മണലാരണ്യത്തില്‍ കഴിയുന്ന എന്റെ പ്രീയപ്പെട്ട ഏട്ടന്റെ ഒരു പിറന്നാളു കൂടി....രാവിലെ എഴുന്നേറ്റ് കുളിച്ചു തൊഴുത് ചന്ദനക്കുറിയും തൊട്ട്, ഹോമപ്പുക കാരണം നിറഞ്ഞ കണ്ണുകളും തൊഴുകൈയുമായി നില്‍ക്കുന്ന ഏട്ടനെ ഞാന്‍ ഓര്‍ക്കുന്നു.

മുത്തച്ഛന്റെ കൈയില്‍ നിന്നും കിട്ടുന്ന ആ പ്രസാദവും, മനസ്സു നിറഞ്ഞ അനുഗ്രഹവും ഇന്നും കൂടെ ഉണ്ടാവും, എന്നും............. മുത്തച്ഛന്റെ മാത്രമല്ല! എല്ലാവരുടെയും..

എന്റെ ഏട്ടന് ഒരു പിറന്നാള്‍ ആശംസിക്കാന്‍ ഈ കാര്‍ഡിന്റെ ആവശ്യം ഒട്ടും തന്നെയില്ലെന്നറിയാം...എങ്കിലും‌‌‌‌.....


ഒരായിരമായിരം പിറന്നാള്‍ ആശംസകള്‍!!


--ഏട്ടന്റെ
കുഞ്ഞനുജത്തി.

----------------------------------------------------------------------------

ഈ ആശംസയ്ക്ക് ഒരു മറുപടി എഴുതാന്‍ എനിക്കാവില്ല! കാരണം, അതു വാക്കുകള്‍ക്കതീതമാണ്..എങ്കിലും,

Friday, January 05, 2007

പുതിയ വര്‍ഷവും പുതുവത്സരാശംസകളും..

പുതിയ ഒരു വര്‍ഷം കൊടിതോരണങ്ങളൊക്കെ വച്ച് എഴുന്നള്ളിയിട്ട് ഇന്നത്തേക്ക് അഞ്ച് ദിവസമായല്ലോ! ഇവന്‍ എന്താണ് ഇപ്പൊ ഇങ്ങനെ ഒരു തലക്കെട്ടുമായി ഇറങ്ങിയതു എന്നു തെറ്റിദ്ധാരണ വേണ്ട! അതു മന:പൂര്‍വ്വമായ ഒരു നീക്കമാണു..

ഒരു പാട് ആശംസകളും ആഗ്രഹങ്ങളും, പലരും പല വിധത്തില്‍ അറിയിച്ചിരുന്നു..ചിലതിനൊക്കെ ഫോര്‍മല്‍ ആയി മറുപടിയും അയച്ചു എന്നതൊഴിച്ചാല്‍ ആശംസ പറച്ചില്‍ ഈ വര്‍ഷം വളരെ കുറവായിരുന്നു.. ഈ നാട്ടില്‍ വന്നു ഒരു ദൈന്യതാഭാവം ആയിപ്പോയി എന്നൊന്നും വിചാരിക്കണ്ട!

ഇന്നു 1182 ധനു 21, ലക്ഷക്കണക്കിനു മലയാളികളില്‍ ഈ ഡേറ്റ് അറിയുന്നവര്‍ വളരെ കമ്മി. ഈ ദിവസത്തിനു പ്രത്യേകത ഒന്നും ഉണ്ടായതു കൊണ്ടല്ല ഞാന്‍ പറഞ്ഞത്..

മലയാളം മരിക്കുന്നു..
മലയാളികള്‍, “എനിക്ക് കുരച്ച് കുരച്ച് മല് യാളം അരിയും” എന്ന അധ:പതിച്ച സംസ്കാരത്തിനു അടിമകളായി എന്നു പ്രസംഗിക്കുന്ന ആരും ഇന്നു വരെ ചിങ്ങം 1 നോ, അത്തരത്തില്‍ ഉള്ള മലയാളവിശേഷദിവസങ്ങള്‍ക്കോ പ്രാധാന്യം കൊടുക്കുന്നതായോ, ഒരു ആശംസാ കാര്‍ഡ് അയക്കുന്നതായോ, ആഘോഷിക്കുന്നതായോ കണ്ടിട്ടില്ല!

ഇതിനു മറുപടിയായി ഈ ചിങ്ങം 1 നു എന്താണാവോ പ്രത്യേകത എന്നു ചോദിക്കുന്ന മലയാളികളേയും നിങ്ങള്‍ക്കു കൂട്ടത്തില്‍ തന്നെ കാണാം.

ഇത്തരത്തില്‍ ഉളള ഒരു ചിന്ത മനസ്സില്‍ കയറി കൂടിയതു കൊണ്ടാണു, New year Wishes ഒഴിവാക്കിയത്.. ആര്‍ക്കെങ്കിലും അതില്‍ വിഷമം ഉണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി ഈ വൈകിയ വേളയില്‍ എന്റെ ആശംസകള്‍! ( നാടോടുകയല്ലെ! നമ്മളും ഓടിക്കളയാം)

ഒരു രഹസ്യം പറയട്ടെ, ഈ ധനു 2 എന്നത് കിട്ടിയതു മലയാളമനോരമ ജ്യോതിഷത്തില്‍ നോക്കിയിട്ടാണ്.. ക്ഷമിക്കണം ട്ടോ!!

Saturday, December 16, 2006

തോരാത്ത മഴയും നഷ്ടപ്പെടുന്ന സന്ധ്യകളും...

ഇവിടെ രണ്ടുവരി കുത്തിക്കുറിച്ചിട്ട് കാലം കുറച്ചായി.. പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇല്ലാട്ടൊ!!
ഒരുപാട് എഴുതാന്‍ ഉണ്ട്.. എങ്കിലും അത്തരത്തില്‍ ഒരു മൂഡ് ഇല്ലായിരുന്നു എന്നു വേണം പറയാന്‍..

തോരാതെ പെയ്യുന്ന മഴ.. ഈ മണലാരണ്യത്തില്‍ ഇത്തരത്തില്‍ ഒരു പതിവില്ല എന്നു കാലം പറയുന്നു. എങ്കിലും, ഇപ്പൊ നല്ല തണുപ്പാണ്.. പുറത്തേക്കു ഇറങ്ങാം എന്ന ചിന്ത വേണ്ട..ഈ മഴ പഴയ ബാല്യകാലമാണു തിരിച്ചു തരുന്നതു.. ഓര്‍മ്മകളില്‍ നിറയുന്ന മഴക്കാലവും, മഴയത്തു സ്കൂളിലേക്കു നനഞ്ഞ് കൊണ്ട് ഓടുന്നതും ഒക്കെ..എന്തു ചെയ്യാന്‍ അല്ലെ?

ഇത്തരത്തില്‍ പെയ്യൂന്ന മഴയത്തു, സന്ധ്യാസമയത്ത് ഇരുട്ടില്‍ ദൂരത്തേക്കു കണ്ണും നട്ട് ഇരുന്നിരുന്ന ബാല്യകാലം ഇപ്പൊ വെറും സ്വപ്നം മാത്രമായി അവശേഷിക്കുന്നു..

ക്ലാസ് മേറ്റ്സ് കണ്ടിരുന്നു.. ഇപ്പോഴും, “എന്റെ കല്‍ബിലെ വെണ്ണിലാവിലെ“ പാട്ട് ആണു കേട്ടുകൊണ്ടിരിക്കുന്നത്... ഒരു രണ്ടു മൂന്ന് ദിവസത്തേക്കു ആ നഷ്ടപ്പെട്ട ഓര്‍മ്മകളില്‍ മനസ്സ് അലഞ്ഞു നടന്നു.. ഒരിക്കലും തിരിച്ചു വരാത്ത, ആ നല്ല കാലം... പത്താം ക്ലാസ് കഴിഞ്ഞു, +2 എന്ന സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ അതേ രീതിയില്‍ കോളേജ് ജീവിതവും ആരംഭിച്ചപ്പൊ തോന്നാതിരുന്ന നഷ്ടബോധം ഇന്നു മനസ്സിനെ വല്ലാതെ കലുഷിതമാക്കുന്നു...

ഒരു പാട് സ്വപ്നങ്ങളും കൊച്ചു കൊച്ചു മോഹങ്ങളുമായി ദിനരാത്രങ്ങള്‍ എണ്ണിത്തീര്‍ക്കപ്പെടുകയാണു..നല്ല ഒരു നാളെ എന്റെ സ്വന്തം നാട്ടില്‍, ഞാന്‍ സ്നേഹിക്കുന്ന, എന്നെ സ്നേഹിക്കുന്നവരുടെ കൂടെ കഴിയാം എന്നെ ഒറ്റ പ്രതീക്ഷയില്‍ വിട വാ‍ങ്ങുന്നു...

Thursday, November 02, 2006

ഞാന്‍ തിരിച്ചു വരുന്നു..

ഇവിടെ ജീവിതം മടുത്തിരിക്കുന്നു..എന്താണു കാരണം എന്ന് ആലോചിച്ച് കിട്ടിയ ഉത്തരം താഴെ കുറിക്കുന്നു..

ബഹറിന്‍; ഒരു വശത്ത് ഒരിക്കലും അവസാനിക്കാതെ നീണ്ടു കിടക്കുന്ന റോഡുകള്‍, അതിലൂടെ ഒരിക്കലും നില നില്‍ക്കാതെ പ്രവഹിക്കുന്ന വാഹനവ്യൂഹങ്ങള്‍..മറുവശത്ത് മാനം മുട്ടെ വളര്‍ന്നു ഇനി എങ്ങോട്ട് എന്നറിയാതെ നില കൊള്ളുന്ന കൂറ്റന്‍ കെട്ടിടസമുച്ചയങ്ങള്‍..

ഇനിയും നിങ്ങള്‍ക്കു കൂടുതല്‍ ഉള്ളിലോട്ട് കടന്നു ചെല്ലാന്‍ താല്പര്യമുണ്ടെങ്കില്‍, അതാ അവിടെ മറ്റൊരിടത്ത്, അരണ്ട നിയോണ്‍ വെളിച്ചത്തില്‍ എന്നോ നഷ്ടപ്പെട്ടു പോയ ജീവിതയാര്‍ഥ്യങ്ങളെ ഉള്ളിലൊതുക്കി സ്വയം വില്ക്കപ്പെടാന്‍ തയ്യാറായി നില്‍ക്കുന്ന ചായം തേച്ച ജീവച്ഛവങ്ങള്‍..

ഇവിടെ ലോകത്തിന്റെ ഈ ഭാഗത്ത്, അധികം ഒന്നും നയനാനന്ദകരമായ കാഴ്ചകള്‍ നിങ്ങളെ കാത്തിരിക്കുന്നില്ല..സത്യമായും ഒരു മുരടിപ്പ് മനസ്സിനെ ബാധിച്ചിരിക്കുന്നു..

ഇന്നലെ കേരളപ്പിറവി..ഒരു SMS വന്നിരുന്നു...

“ മാമലകള്‍ക്കപ്പുറത്ത് മരതകപട്ടുടുത്ത്
മലയാളമെന്നൊരു നാടുണ്ട്,
കൊച്ചു മലയാളമെന്നൊരു നാടുണ്ട്..”

അതെ, ആ പച്ചപ്പരവതാ‍നി വിരിച്ച പാടങ്ങളും, മലകളും, പുഴകളും ഒക്കെ ഇന്നു ഒരു സ്വപ്നം മാത്രമായി അവശേഷിക്കുന്നു..ഓണവും വിഷുവും ഒക്കെ ഇന്നു വെറും ഓര്‍മകളില്‍ മാത്രം...ഞാന്‍ തിരിച്ചു വരുന്നു,, ഒരു നിമിഷത്തേക്ക് എങ്കിലും, മനസ്സു കൊണ്ട് ഞാന്‍ ആ എന്റെ നാട്ടില്‍ പോയി തിരിച്ച് വന്നിരിക്കുന്നു....

ഒരു നിമിഷം.....

അതാ ദൂരെ ഒരു ശബ്ദം കേള്‍ക്കുന്നില്ലേ?ശ്രദ്ധിച്ച് നോക്കണം, എന്നാലേ കേള്‍ക്കൂ.. നിയോണ്‍ വെളിച്ചത്തില്‍ അരങ്ങില്‍ ആടി തകര്‍ക്കുന്നവരുടെ നിശബ്ദമായ തേങ്ങലുകളാണത്...

Sunday, October 22, 2006

ഒരു പഴയ ഡയറിക്കുറിപ്പിലൂടെ...

ഇന്നലെ പഴയ ഒരു ഡയറി മറിച്ചു നോക്കി.. ഇപ്പോ കുറച്ചു കാലമായി എഴുതാറില്ല എങ്കിലും, ഡയറി എഴുത്ത് എന്റെ ജീവിതത്തിന്റെ ഒരു ഭാഗം ആണ്.. എന്റെ പഴയ ഒരു ഡയറിക്കുറിപ്പ്‍ ഇവിടെ കുറിക്കുന്നു......

2006, ഒരു തിരിഞ്ഞു നോട്ടം

Date: 29-03-2006 സമയം: 11.30PM
ബുധന്‍ കരണ്ടില്ല!

ഈ ആളിക്കത്തുന്ന മെഴുകുതിരി അതിന്റെ അന്ത്യത്തിനായി വെമ്പല്‍ കൊള്ളുന്നു. അതേ പോലെ ഞാണിന്‍‌മേല്‍ക്കളി പോലുള്ള ജീവിതം കരുപ്പിടിപ്പിക്കാന്‍ വ്യര്‍ത്ഥമായ മനുഷ്യജന്മങ്ങളും..
ഡയറിക്കുറിപ്പുകള്‍ എന്നും പുറകോട്ടുള്ള കോണിപ്പടി ആണ്, ഭൂതകാലത്തിന്റെ നടുമുറ്റത്തേക്ക് വാതില്‍ തുറന്നു തരുന്ന ഒരേ ഒരു മാര്‍ഗ്ഗം. അതുകൊണ്ടു തന്നെ അപൂര്‍ണ്ണങ്ങളായ ഡയറിക്കുറിപ്പുകള്‍ അര്‍ത്ഥവ്യര്‍ത്ഥങ്ങളായ ഭൂതകാലത്തെ ഓര്‍മ്മിപ്പിക്കുന്നു.

മുന്‍‌താളുകള്‍ മറിച്ചപ്പോള്‍ കണ്ട ഒരു വാചകം ഇവിടെ കുറിക്കട്ടെ, “ 22 വര്‍ഷത്തെ ജീവിതം എന്തു നേടി?” അതിനു മറുപടിയും, അന്നു തന്നെ കണ്ടെത്തിയെന്നതു ഒരാശ്വാസമാണ്..

“You may be somebody to the World!
But for Someone, You are the World! “
So as you are..........

ഇനി മൂന്നു ദിനരാത്രങ്ങള്‍ കൂടി കഴിഞ്ഞാല്‍ നാടു വിടാം. പുതിയ കൂടും കുടുക്കയും തേടി, ജീവിതത്തിന്റെ പുതിയ ഏടുകള്‍, സായംസന്ധ്യകള്‍, മാറുന്ന ചുറ്റുപാടുകള്‍, അങ്ങനെ അങ്ങനെ......

"I have started my career on a 20th and today is another 20th"

പെട്ടന്നു ഒരു ദിവസം ഞാന്‍ ഞാനല്ലാതായി.. പതുക്കെ പതുക്കെ അവിടെ ആരൊക്കെയോ ആയിരുന്ന എന്റെ വ്യക്തിത്വം ആരുമല്ലാതാകുന്നതു കണ്മുന്നില്‍ വ്യക്തമായി. 1.5 വര്‍ഷം ജീവിച്ച മൈസൂര്‍ എന്നും നല്ല ഒരു ഓര്‍മ്മ ആയി നില നില്‍ക്കട്ടെ!

ഞാന്‍ പോവുകയാണ്, കടല്‍ കടന്ന്, ജീവിതത്തിന്റെ പുതിയ ഓളങ്ങള്‍ ‍തേടി ഭാവി സുരക്ഷിതമാക്കാന്‍.. Bahrain, thats my destination...

ഉറക്കം കണ്ണൂകളെ വല്ലാതെ ബാധിച്ചിരിക്കുന്നു.. അപ്പൊ ശുഭരാത്രി!